കോണ്‍ഗ്രസിന്‍റേത് തീവ്രവാദത്തെ പ്രീണിപ്പിച്ച ചരിത്രം, ബിജെപി തീവ്രവാദികളെ തകര്‍ത്തെറിഞ്ഞു: മോദി

തീവ്രവാദികളെ പ്രീണിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് കര്‍ണാടകയെ തീവ്രവാദത്തിനു വിട്ടുകൊടുത്തപ്പോള്‍, ബിജെപി തീവ്രവാദികളെ തകര്‍ത്തുകളഞ്ഞെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എന്നും തീവ്രവാദത്തിനൊപ്പമാണെന്നും 2008-ല്‍ ഡല്‍ഹിയില്‍ നടന്ന ബട്‌ല ഹൗസ് വെടിവെയ്പ്പില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ സോണിയ ഗാന്ധിയുടെ കണ്ണു നിറഞ്ഞുവെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടതാണ്. കര്‍ണാടകയെ കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് വിട്ടു കൊടുത്തു. എന്നാല്‍ തീവ്രവാദത്തെയും തീവ്രവാദ പ്രീണനത്തിനായുള്ള ശ്രമങ്ങളെയും ബി.ജെ.പി. തകര്‍ത്തെറിഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനും ജെ.ഡി.എസിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മോദി പറഞ്ഞു. ഇരു കക്ഷികളായാണ് ഇവർ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും ഹൃദയം കൊണ്ടും പ്രവൃത്തികൊണ്ടും കോണ്‍ഗ്രസും ജെ.ഡി.എസും ഒന്നാണ്. ഇരു പാര്‍ട്ടികളും അഴിമതിക്കാരും സമൂഹത്തെ ഭിന്നിപ്പിക്കുന്നവരുമാണ്. കർണാടകയെ വികസനത്തിന്‍റെ ചാലകശക്തിയാക്കുന്നതിന് ബിജെപിയുടെ ‘ഡബിൾ എന്‍ജിൻ സർക്കാരി’നെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ വിമര്‍ശിച്ച പ്രധാനമന്ത്രി, കോണ്‍ഗ്രസ് ഇപ്പോള്‍ രാമനെ വിട്ട് ഹനുമാനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. കര്‍ണാടകയുടെ അന്തസ്സും സംസ്‌കാരവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹനുമാന്റെ പാദങ്ങളില്‍ ശിരസ്സ് നമിച്ചുകൊണ്ട് ഇക്കാര്യം പ്രതിജ്ഞ ചെയ്യുകയാണെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനോട് സമാനമായ സംഘടനയാണ് വിശ്വഹിന്ദു പരിഷത്തിന്റെ പോഷക സംഘടനയായ ബജ്‌റംങ് ദള്‍ എന്നും സംഘടന നിരോധിക്കുമെന്നും കോണ്‍ഗ്രസ് പത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കെതിരായ മോദിയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *