അരിക്കൊമ്പൻ തിരികെ വരാൻ സാധ്യതയില്ലേ എന്ന് ഹൈകോടതി; നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ്

പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ കാട്ടാന ഇടുക്കി ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യതയില്ലേ എന്ന് ഹൈകോടതി. വനം വകുപ്പിനോടാണ് ഇക്കാര്യം കോടതി ആരാഞ്ഞത്. ആനയെ കൃത്യമായി നിരീക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. മനുഷ്യ-മൃഗ സംഘർഷത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടത്. ചിന്നക്കനാൽ മേഖലയിൽ മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ല. മാലിന്യ ദുർഗന്ധം മൃഗങ്ങളെ ആകർഷിക്കുന്നുണ്ട്. അതിന് പരിഹാരം കാണണമെന്നും ഹൈകോടതി വ്യക്തമാക്കി. അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെയുണ്ടെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട് മേഖലയിലാണ് ആന സഞ്ചരിക്കുന്നതെന്നും വനം വകുപ്പ് വ്യക്തമാക്കി.

അതേസമയം വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ കിട്ടി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. കേരളാ – തമിഴ്‌നാട് അതിർത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതയാണ് സൂചന. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടു മണിക്ക് സിഗ്‌നൽ ലഭിച്ച ശേഷം അരിക്കൊമ്പൻ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തമിഴ്നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്‌നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *