സെർബിയയിൽ സ്‌കൂളിൽ വെടിയുതിർത്ത് 14കാരൻ; എട്ട് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്

ക്ലാസ്മുറിയിൽ സഹവിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർത്ത് 14കാരൻ. എട്ട് സഹവിദ്യാർഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ വ്‌ലാഡിസ്ലാവ് റിബ്‌നികർ എലെമെന്ററി സ്‌കൂളിലെ വിദ്യാർഥിയാണ് വെടിയുതിർത്തത്. ആക്രമണത്തിൽ അധ്യാപികയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ വെടിവച്ചത്.

ആദ്യം അധ്യാപികയ്ക്ക് നേരെയാണ് പ്രതിയായ കുട്ടി വെടിയുതിർത്തതെന്നും പിന്നീട് തലങ്ങുംവിലങ്ങും വെടിയുതിർക്കുകയായിരുന്നു എന്നും വെടിവെപ്പിൽ നിന്നും രക്ഷപെട്ട വിദ്യാർഥിനികളിൽ ഒരാളുടെ പിതാവായ മിലൻ മിലോസെവിച്ച് പറഞ്ഞു. വെടിയേറ്റ അധ്യാപികയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞുശ്രമിച്ചുകയാണെന്ന് സെൻട്രൽ സെൻട്രൽ വ്രാകാർ ജില്ലയുടെ മേയർ മിലൻ നെഡൽജ്‌കോവിച്ച് പറഞ്ഞു. അധ്യാപികയെ കൂടാതെ ആറ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ ഏഴാം ക്ലാസുകാരനെ സ്‌കൂൾ മുറ്റത്തു നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

‘മേശയ്ക്കടിയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിടന്നിരുന്നത്. രണ്ട് പെൺകുട്ടികൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. വെടിവെച്ച 14കാരൻ ശാന്തനും നല്ല വിദ്യാർഥിയുമായിരുന്നു. അടുത്തിടെയാണ് അവൻ ഈ ക്ലാസിൽ എത്തിയത്’- വെടിവെപ്പ് വാർത്തയറിഞ്ഞ് സ്‌കൂളിലേക്കെത്തിയ മിലോസെവിച്ച് കൂട്ടിച്ചേർത്തു. ‘കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് ഞാൻ കണ്ടു. സംഭവമറിഞ്ഞ് മാതാപിതാക്കൾ സ്‌കൂളിലേക്ക് പാഞ്ഞെത്തി. പിന്നീടും മൂന്ന് വെടിയൊച്ചകൾ ഞാൻ കേട്ടു’- അടുത്തുള്ള ഹൈസ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി സ്റ്റേറ്റ് ടിവി ആർടിഎസിനോട് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് യൂണിഫോമും ധരിച്ച പൊലീസ് ഉദ്യോഗസ്ഥർ സ്‌കൂൾ വളഞ്ഞു.

അതേസമയം, പരിക്കേറ്റവർ ചികിത്സയിലാണെന്നും വെടിവെപ്പിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ആയുധ നിയമങ്ങൾ കർശനമായ സെർബിയയിൽ കൂട്ട വെടിവയ്പ്പുകൾ താരതമ്യേന അപൂർവമാണ്.

Leave a Reply

Your email address will not be published. Required fields are marked *