യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ സംഭവം; കൊലയ്ക്ക് ശേഷം ആതിരയുടെ മാലയും പ്രതി കവർന്നു

തൃശൂർ അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് വനത്തിൽ തള്ളിയ സംഭവത്തിൽ കൊലപാതകത്തിന് ശേഷം ആതിരയുടെ മാലയും പ്രതി കവർന്നെന്ന് പൊലീസ്. അങ്കമാലിയിലെ സ്വകാര്യ വ്യക്തിക്ക് മാല പണയം വയ്ക്കാൻ നൽകിയെന്നാണ് പ്രതി അഖിൽ പൊലീസിന് നൽകിയ മൊഴി. കൂടുതൽ പെൺകുട്ടികളിൽ നിന്ന് അഖിൽ പണം വാങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കാലടി സ്വദേശി ആതിരയെയാണ് സുഹൃത്ത് അഖിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് കേസിൽ നിർണായകമായത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു.

സാമ്പത്തിക തർക്കങ്ങൾ രൂക്ഷമായപ്പോൾ വെറ്റിലപ്പാറ പത്ത് ആറ് വനത്തിൽ ആതിരയെ എത്തിച്ച് അഖിൽ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. വനത്തിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് സൂചനയുണ്ട്. തുടർന്ന് അഖിൽ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ സ്വർണം ഉൾപ്പെടെ ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോഴാണ് കൊലപാതകം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *