ഡോക്ടറെ കുത്തിക്കൊന്ന പ്രതി യു.പി സ്‌കൂൾ അധ്യാപകൻ; ലഹരിക്ക് അടിമയായതിനാൽ സസ്പെൻഷനിൽ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊന്ന പ്രതി സന്ദീപ് യു.പി സ്‌കൂൾ അധ്യാപകൻ. നെടുമ്പന യു.പി സ്‌കൂൾ അധ്യാപകനായ സന്ദീപ് പൂയപ്പള്ളി ചെറുകരക്കോണം സ്വദേശിയാണ്. ലഹരിക്ക് അടിമയായതിനാൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ നേരത്തെയും അക്രമസ്വഭാവം കാണിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദന ദാസ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ കോളജിലെ വിദ്യാർഥിയായ വന്ദന ഹൗസ് സർജൻസിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. പുലർച്ചെ നാലരയോടെയാണ് അടിപിടിക്കേസിൽ പ്രതിയായ സന്ദീപിനെ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ചത്.

പ്രതി അക്രമാസക്തനായതോടെ പൊലീസ് ഇയാളെ ആശുപത്രിയിലെ വാർഡിൽ പൂട്ടിയിട്ടു. ആ വാർഡിൽ അകപ്പെട്ട ഡോക്ടർക്കാണ് കുത്തേറ്റത്. ഡോക്ടറുടെ കഴുത്തിലും നെഞ്ചിലുമെല്ലാം ഗുരുതരമായി പരിക്കേറ്റു. ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് പ്രതി കുത്തിയത്. ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും. ഉച്ചക്ക് 1.45-നാണ് സിറ്റിങ്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരാണ് സിറ്റിങ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *