‘വാട്ട് എ ടാലൻഡ്’; യശ്വസി ജയ്സ്വാളിനെ വാഴ്ത്തി കോലി

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ 13 പന്തിൽ നേടിയ ഫിഫ്റ്റിയുടെ പ്രത്യേകത ഇതായിരുന്നു. നേരിട്ട ആദ്യ ഓവറിൽ 26 റൺസുമായി തുടങ്ങിയ ജയ്സ്വാൾ അനായാസം അർധസെഞ്ചുറിയിലേക്ക് ബൗണ്ടറികളുമായി കുതിക്കുന്നതാണ് ആരാധകർ കണ്ടത്. ഇതിന് പിന്നാലെ 21കാരനായ യുവതാരത്തെ തേടിയെത്തിയ ഗംഭീര പ്രശംസകളിലൊന്ന് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസവും ആർസിബി താരവുമായ വിരാട് കോലിയുടേതായിരുന്നു.

‘വൗ, അടുത്തിടെ കണ്ട ഏറ്റവും മികച്ച ബാറ്റിംഗുകളിൽ ഒന്നാണിത്. യശസ്വി ജയ്സ്വാൾ എന്തൊരു പ്രതിഭയാണ്’ എന്നായിരുന്നു കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ജയ്സ്വാളിൻറെ ചിത്രം സഹിതമായിരുന്നു കോലിയുടെ പോസ്റ്റ്.

മത്സരത്തിൽ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിനായി ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്സ്വാൾ 47 പന്തിൽ 13 ഫോറും 5 സിക്സും സഹിതം പുറത്താവാതെ 98* റൺസ് അടിച്ചുകൂട്ടി. സഹ ഓപ്പണർ ജോസ് ബട്ലർ പൂജ്യത്തിൽ മടങ്ങിയപ്പോൾ 29 ബോളിൽ പുറത്താവാതെ രണ്ട് ഫോറും അഞ്ച് സിക്സും ഉൾപ്പടെ 48* റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്സ്വാളിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, നാല് വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹലും രണ്ട് പേരെ പുറത്താക്കിയ ട്രെൻറ് ബോൾട്ടും ഓരോരുത്തരെ പവലിയനിലേക്ക് എത്തിച്ച സന്ദീപ് ശർമ്മയും കെ എം ആസിഫുമാണ് കെകെആറിനെ 20 ഓവറിൽ 149-8 എന്ന സ്‌കോറിൽ ഒതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *