ഹാരിയെയും മേഗനെയും പിന്തുടര്‍ന്ന് പാപ്പരാസികള്‍; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

പാപ്പരാസികളുടെ ‘ചേസിംഗ്’ മൂലം ഹാരി രാജകുമാരനും ഭാര്യ മേഗനും സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മേഗൻറെ മാതാവും ഒപ്പമുണ്ടായിരുന്നു. ഒരു അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പാപ്പരാസികൾ ഇവരെ പിന്തുടർന്നത്.

ഹാരിയും കുടുംബവും സഞ്ചരിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ കൂടിയതോടെ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തതായി ഹാരിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

1997 ആഗസ്ത് 31ന് ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ഇത്തരത്തിൽ പാപ്പരാസികളുടെ കണ്ണ് വെട്ടിച്ചു പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടു മരിക്കുന്നത്. ഡയാനയുടെ കാമുകൻ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ വംശജനായ ഡോഡി ഫെയ്ദ്, ഡ്രൈവർ ഹെൻറി പോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. മോട്ടോർ സൈക്കിളിൽ തന്നെ പിന്തുടർന്ന ഒരു കൂട്ടം പാപ്പരാസികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡയാനക്ക് അപകടം സംഭവിച്ചത്. അമിത വേഗതയിൽ വന്ന കാർ ഒടുവിൽ ഒരു ഹൈവേയുടെ നടുവിലുള്ള തൂണിൽ ഇടിക്കുകയായിരുന്നു.അപകടത്തിന് തൊട്ടുപിന്നാലെ അവിടെയുണ്ടായാരുന്ന പാപ്പരാസികൾ ഡയാനയെയും മറ്റുളവരെയും സഹായിക്കാൻ ശ്രമിക്കുന്നതിനുപകരം ചിത്രങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്നാണ് സാക്ഷി മൊഴികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *