ജസ്റ്റിസ് പ്രശാന്ത് കുമാറും കെ.വി. വിശ്വനാഥനും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു

മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവർക്കും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു. ചൊവ്വാഴ്ച കൊളീജിയം ശുപാർശ ചെയ്ത ഇവരെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇതോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം വീണ്ടും മുഴുവൻ അംഗസഖ്യയായ 34-ൽ എത്തി.

ജസ്റ്റിസുമാരായ എം.ആർ. ഷായും ദിനേശ് മഹേശ്വരിയും വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്.

അഭിഭാഷകവൃത്തിയിൽനിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന നാലാം വ്യക്തിയാവാനും ഇതോടെ കെ.വി. വിശ്വനാഥന് അവസരമൊരുങ്ങി. ജസ്റ്റിസ് എസ്.എം. സിക്രിയാണ് ഇത്തരത്തിൽ ബാറിൽനിന്ന് നേരിട്ടെത്തി ചീഫ് ജസ്റ്റിസായത്. രണ്ടാമത്തേത് ജസ്റ്റിസ് യു.യു. ലളിതായിരുന്നു. നിലവിൽ ജഡ്ജിയായ പി.എസ്. നരസിംഹയ്ക്കാണ് അടുത്ത അവസരം. ജസ്റ്റിസ് ജെ.ബി. പർദിവാല 2030 ഓഗസ്റ്റ് 11-ന് വിരമിക്കുമ്പോഴാണ് കെ.വി. വിശ്വനാഥന് ചീഫ് ജസ്റ്റിസ് പദവിക്ക് സാധ്യതയുള്ളത്.

പാലക്കാട് കൽപ്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥൻ 35 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ഭാരതിയാർ സർവകലാശാലയ്ക്കു കീഴിലെ കോയമ്പത്തൂർ ലോ കോളേജിൽ നിന്നാണ് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്തത്. 1988-ൽ തമിഴ്‌നാട് ബാർ കൗൺസിലിൽ എന്റോൾ ചെയ്തു. രണ്ടു പതിറ്റാണ്ടുകാലം സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തശേഷം 2009-ലാണ് അദ്ദേഹത്തിന് സീനിയർ അഭിഭാഷക പദവി ലഭിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *