എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. മഹാരാജാസ് കോളജ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ രണ്ടു വർഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തിൽ പ്രവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിനു മുന്നിൽ ഹാജരാക്കിയ രേഖ. ജൂൺ രണ്ടിനായിരുന്നു അട്ടപ്പാടി ഗവ. കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറർ അഭിമുഖം. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക്, മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയിൽ സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. 2018-19, 2020-21 കാലയളവിൽ മഹാരാജാസിൽ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തെന്നാണ് രേഖയിലുണ്ടായിരുന്നത്. എന്നാൽ 10 വർഷമായി മലയാള വിഭാഗത്തിലേക്ക് ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതർ വ്യക്തമാക്കിയത്. കോളജ് കൗൺസിൽ ചേർന്നശേഷം സംഭവത്തെക്കുറിച്ച് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുൻപ് പാലക്കാട്ടും കാസർകോട്ടുമുള്ള രണ്ടു ഗവൺമെന്റ് കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. ഇവിടെയും വ്യാജ രേഖ സമർപ്പിച്ചാണ് നിയമനം നേടിയതെന്നാണ് വിവരം. കാസർകോട് കരിന്തളം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒരു വർഷം ജോലി ചെയ്തു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയായിരുന്നു നിയമനം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ച് ഉദ്യോഗാർഥി ജോലി നേടിയതെന്നാണു വിവരം. 2016 മുതൽ 18 വരെ മഹാരാജാസിൽ എംഎ മലയാളം വിദ്യാർഥിയായിരുന്ന വിദ്യ, പിജി റെപ്പായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വിദ്യയ്ക്ക് കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം സാധ്യമാക്കിയതിലും ഉന്നത ഇടപെടൽ ഉണ്ടെന്ന് ആരോപണമുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിനു മുൻകൈ എടുത്തത് ആർഷോയും മന്ത്രി പി.രാജീവുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ”റിസർച്ച് കമ്മിറ്റി തയാറാക്കിയ ആദ്യ പത്തു പേരുടെ പട്ടികയിൽ വിദ്യ ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ചുപേരെകൂടി ഉൾപ്പെടുത്തി വിദ്യയ്ക്കു വിദ്യയ്ക്കു പ്രവേശനം നൽകി. ഇതിനായി സംവരണം അട്ടിമറിച്ചെന്നും ഷമ്മാസ് ആരോപിച്ചു.