വിദ്യ തെറ്റ് ചെയ്തു, ഒന്നുമല്ലാത്തൊരാളെ എസ് എഫ് ഐ നേതാവാക്കരുത്; ഇ പി ജയരാജൻ

ഗസ്റ്റ് ലക്ചററാകാൻ വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ചെയ്തത് തെറ്റെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ജോലി നേടാൻ തെറ്റായ വഴിയാണ് സ്വീകരിച്ചതെന്നും കുറ്റവാളിയെ സംരക്ഷിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യയെ എന്തടിസ്ഥാനത്തിലാണ് എസ് എഫ് ഐ നേതാവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. എസ് എഫ് ഐയെ ആക്രമിക്കാൻ വേണ്ടിയാണ് ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഒന്നുമല്ലാത്തൊരാളെ നിങ്ങൾ എസ് എഫ് ഐ നേതാവാക്കല്ലേ. എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്.’- ജയരാജൻ കൂട്ടിച്ചേർത്തു.

‘ഞങ്ങളോടൊപ്പം ആരൊക്കെ ഫോട്ടോയെടുക്കുന്നുണ്ട്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും, ട്രെയിനിൽ കിടക്കുമ്പോഴുമൊക്കെ ഫോട്ടോയെടുക്കുന്നുണ്ട്. പിന്നെ കോളേജിന്റെ പ്രിൻസിപ്പൽ തന്നെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. മഹാരാജാസ് പോലൊരു കോളേജിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലാത്തതാണ്. അതിനെക്കുറിച്ച് അവർ പരിശോധിക്കുന്നുണ്ട്. അറിയുമ്പോഴല്ലേ പിടിക്കപ്പെടുകയുള്ളൂ. കുറ്റവാളികൾ കുറ്റം ചെയ്ത്, അത് കണ്ടെത്തുമ്പോഴാണ് പ്രശ്‌നം മുന്നിൽ വരുന്നത്. കുറ്റവാളികളെ രക്ഷിക്കാൻ ഒരു ശതമാനമെങ്കിലും ഞങ്ങൾ ശ്രമിച്ചിട്ടുണ്ടോ? നിങ്ങളും സഹകരിക്കുക.’- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *