ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിജിറ്റല്‍ ജനതയ്ക്ക് ഹാനികരമാവുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.. നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടെ രാജ്യം ഡിജിറ്റല്‍ പാതയില്‍ എത്രദൂരം സഞ്ചരിച്ചുവെന്ന് വിശദമാക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷമയമായ ഉള്ളടക്കങ്ങളും കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റില്‍ ഗണ്യമായി വര്‍ധിക്കുകയാണ്. ഡിജിറ്റല്‍ പൗരന്മാരെ ദ്രോഹിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കാണാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 85 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നും 2025 ഓടുകൂടി അത് 120 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. സൈബറിടത്തെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ വീക്ഷണവും ദൗത്യവുമാണെന്നും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്‍ താമസിയാതെ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.