മുമ്പ് കെ. കരുണാകരനെയായിരുന്നെങ്കിൽ ഇപ്പോൾ സതീശനാണ് ലക്ഷ്യം; കെ മുരളീധരൻ

താരിഖ് അൻവർ കേരളത്തിലെത്തുന്നത് പാർട്ടിപ്രശ്നം പരിഹരിക്കാനല്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അദ്ദേഹം സംസ്ഥാനത്തെത്തുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്നും മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതിൽ ഹൈക്കമാൻഡ് ഇടപെടുമെന്ന് മുരളീധരൻ പറഞ്ഞു. താരിഖ് അൻവർ വരുന്നത് ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പുകളിൽ പങ്കെടുക്കാനാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചയുണ്ടാകാം. കോൺഗ്രസ് അധ്യക്ഷന്റെ നിർദേശങ്ങളാണ് താരിഖ് അൻവർ പാലിക്കുക. ജനങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. അവർക്ക് നിരാശയുണ്ടാകുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു..

പാർട്ടിക്കുള്ളിലെ പുനഃസംഘടനാ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിലെ പുനഃസംഘടന എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. മുമ്പ് കെ. കരുണാകരനെയായിരുന്നെങ്കിൽ ഇപ്പോൾ സതീശനാണ് ലക്ഷ്യം. ഇതൊക്കെ കോൺഗ്രസിൽ പതിവായതുകൊണ്ട് പൊതുചർച്ചയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *