4 ജില്ലകളിൽ‌ യെലോ അലർട്ട്, 5 ദിവസം മഴ തുടരും; മത്സ്യബന്ധനത്തിന് വിലക്ക്

കാലവർഷം എത്തിയതിനു പിന്നാലെ സംസ്ഥാനത്ത് പരക്കെ മഴ. ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴയാണ്. കൊല്ലം കടയ്ക്കൽ, മടത്തറ, ചടയമംഗലം പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശി. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. 5 ദിവസം മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മോശം കാലാവസ്ഥയെ തുടർന്ന് കേരള–കർണാടക–ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 11 മുതൽ 15 വരെയാണ് വിലക്ക്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത.

മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 160 മുതൽ 175 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും. ചില അവസരങ്ങളിൽ ഇത് 195 കിലോമീറ്റർ വരെ വേഗത്തിലാകും. ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. ആൻഡമാൻ കടൽ, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, മധ്യ-കിഴക്ക് അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  എന്നിവിടങ്ങളിലും കാറ്റുണ്ടാകും.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശാനുസരണം തീരങ്ങളിൽനിന്ന് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കടലിലിറങ്ങിയുള്ള വിനോദങ്ങള്‍ പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *