1.18 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2,277 കോടി

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്-4,825 കോടി, തെലങ്കാന-2,486 കോടി, ഗുജറാത്ത്- 4,114 കോടി, കര്‍ണാടക-4,314 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വിഹിതം.

ജൂണ്‍മാസം നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ട്. സാധാരണ പ്രതിമാസ വിഹിതം 59,140 കോടിയാണ്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍, മുന്‍ഗണനാ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഈ പണം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

എല്ലാ വര്‍ഷവും 14 തുല്യ ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം കൈമാറുന്നത്. സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ് രണ്ടു ഗഡുക്കള്‍ ഒരുമിച്ച് അനുവദിക്കാറ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഗഡുക്കള്‍ മുന്‍കൂറായി നല്‍കി വരുന്ന പതിവുണ്ട്. 2023-24 ബജറ്റ് പ്രകാരം ഇക്കൊല്ലം നികുതി വിഹിത ഇനത്തില്‍ 10.21 ലക്ഷം കോടിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *