രാജ്യത്തെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു

നീണ്ട മഞ്ഞുകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ഉയരത്തിലൂടെയുള്ള ബസ് സര്‍വീസ് പുനരാരംഭിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മണാലി വഴി കശ്മീരിലെ ലേയിലേക്ക് പോവുന്ന ബസ് സര്‍വീസാണ് ദിര്‍ഘനാളുകള്‍ക്ക് ശേഷം പുനരാരംഭിച്ചത്. മഞ്ഞ് വീണ് റോഡ് അടച്ചതിനാല്‍ ഒന്‍പത് മാസത്തോളമായി ഈ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാരുന്നു.

എല്ലാ മഞ്ഞുകാലത്തും മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡ് അടച്ചിടാറുണ്ട്. ഏതാണ്ട് 1026 കിലോമീറ്ററാണ് ഈ ബസ് സര്‍വീസിന്റെ ദൈര്‍ഘ്യം. 1,736 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ്. ഏതാണ്ട് 30 മണിക്കൂറാണ് ഈ ബസ് ഡല്‍ഹിയില്‍ നിന്ന് ലേയില്‍ എത്താനെടുക്കുന്ന സമയം. അതിമനോഹരവും എന്നാല്‍ അപകടകരവുമായ പര്‍വത പാതകളും മഞ്ഞുമലകളും പിന്നിട്ട് ലഹോള്‍- സ്പിതി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.

ഡല്‍ഹിയില്‍ നിന്നും മണാലി വഴി കീലോങ് എത്തി അവിടെ ഹാള്‍ട്ട് ചെയ്ത ശേഷം ലേയിലേക്ക് യാത്ര തുടരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. രോഹ്താങ് പാസ് (13,050 അടി) ബരാലാച പാസ് (15,910 അടി), ലാചലുങ് ലാ (16,620 അടി )

തംഗ്ലാങ് ലാ പാസ് ((17,480 അടി) എന്നീ നാല് പര്‍വത പാതകള്‍ കടന്നാണ് ബസ് ലേയിലെത്തുക. ഹിമാചല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബസ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹി ഇന്റര്‍‌സ്റ്റേറ്റ് ബസ് ടെര്‍മിനിലില്‍ നിന്ന്‌ വൈകിട്ട് 3.45 നാണ് ബസ് പുറപ്പെടുക.

ഡല്‍ഹിയില്‍ നിന്ന് കീലോങ് വരെയുള്ള ദൂരത്തേക്കുള്ള യാത്ര ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനാകും. തുടര്‍ന്ന് ലേയിലേക്ക് പോവണമെങ്കില്‍ കെയ്‌ലോങിലെ എച്ച്.ആര്‍.ടി.സി കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കണം. രണ്ട് കണ്ടക്ടര്‍മാരും മൂന്ന് ഡ്രൈവര്‍മാരും ഉള്‍പ്പടെ അഞ്ച് ജീവനക്കാരായിരിക്കും ബസിലുണ്ടാവുക. രാജ്യത്തെ തന്നെ ഏറ്റവും ദീര്‍ഘവും സാഹസികവുമായ ഈ ബസ് യാത്ര ഒരോ സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *