30 കൊല്ലം മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകം മദ്യലഹരിയില്‍ വെളിപ്പെടുത്തി; 49-കാരന്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ 49-കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങളാണ് മദ്യലഹരിയില്‍ ഇയാള്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

1993 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. അവിനാശും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയില്‍ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അന്‍പത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്.

കൊലപാതകത്തില്‍ അവിനാശിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അന്ന് 19 വയസ്സായിരുന്നു ഇയാളുടെ പ്രായം. കൊലപാതകങ്ങള്‍ക്കും കവര്‍ച്ചയ്ക്കും പിന്നാലെ തന്റെ അമ്മയെ ഉപേക്ഷിച്ച് അവിനാശ് ഡല്‍ഹിയിലേക്ക് കടന്നു. പിന്നീട് ഇയാള്‍ അമിത് പവാര്‍ എന്ന് പേര് മാറ്റി മഹാരാഷ്ടട്രയിലെ ഔറംഗാബാദിലേക്കും പിന്നീട് വിഖ്‌റോലിയിലേക്കും കടന്നതായാണ് വിവരം. തുടര്‍ന്ന് ഇതേ പേരില്‍ ഇയാള്‍ ആധാര്‍കാര്‍ഡും സ്വന്തമാക്കി. ഇവിടെ അവിനാശ് കുടുംബമായി കഴിയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അവിനാശ്, ലോണാവാല സന്ദര്‍ശിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. പിടിക്കപ്പെടാന്‍ സാധ്യതയില്ലെന്ന വിശ്വാസവും ഇയാള്‍ക്കുണ്ടായിരുന്നു. എന്നാല്‍ മദ്യസത്ക്കാരത്തിനിടെ സംഭവം വെളിപ്പെടുത്തിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *