റമ്മി കളിച്ച് 50 ലക്ഷം കടം; ബാങ്കിലെത്തിയത് കൊള്ളയടിച്ച് കടം തീർക്കാൻ, തൃശൂരിലെ പ്രതിയുടെ മൊഴി

പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. റമ്മി കളിച്ച് ലക്ഷങ്ങൾ കടം വരുത്തിയെന്നും ഇത് തീർക്കാനാണ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നും ലിജോ പൊലീസിനോട് പറഞ്ഞു. കൈയിലെ പണം തീർന്നതോടെ, കൂട്ടുകാരുടെ കൈയ്യിൽ നിന്നും വലിയ തുകകൾ കടം വാങ്ങി കളിച്ചു. ആ പണവും നഷ്ടപ്പെട്ടു. 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ടായി. വീട് ലോൺ ഇനത്തിൽ 23 ലക്ഷം കടമുണ്ട്. അമ്പത് ലക്ഷത്തിൽ ഭൂരിഭാഗവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നും പ്രതി മൊഴി നൽകി. മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, കവർച്ചാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കൈയ്യിലൊരു സഞ്ചിയുമായി എത്തിയ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ കന്നാസില്‍ നിന്നും പെട്രോളെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആരും അനങ്ങരുതെന്നും ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. അക്രമി ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്‍റെ ഗ്രിച്ച് പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ലിജോ വില്ലേജ് അസിസ്റ്റന്‍റാണെന്ന വിവരം പുറത്തുവരുന്നത്. മൂന്നാല് ദിവസമായി ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വില്ലേജിലെ സഹ പ്രവര്‍ത്തകരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിശദാന്വേഷണം നടത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *