ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗത്തിനു മുന്നോടിയായി ബിഹാറിലെ പട്നയിൽ പാർട്ടി ഓഫിസിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രതിപക്ഷ യോഗം രാവിലെ പതിനൊന്നരയോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ആരംഭിച്ചു.

രാജ്യത്ത് നടക്കുന്നത് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണെന്നും കോൺഗ്രസ് ‘ഭാരത് ജോഡോ’യിലും ബിജെപിയും ആർഎസ്എസും ‘ഭാരത് തോഡോ’യിലും വിശ്വസിക്കുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനും ബിജെപി പ്രവർത്തിക്കുന്നുണ്ടെന്ന് രാഹുൽ ആരോപിച്ചു. ”വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാകില്ലെന്ന് നിങ്ങൾക്കറിയാം, സ്നേഹം കൊണ്ടു മാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ. രാജ്യത്തെ ഒന്നിപ്പിക്കാനും സ്‌നേഹം പ്രചരിപ്പിക്കാനുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസിന്റെ ഡിഎൻഎ ബിഹാറിൽ ഉള്ളതിനാലാണ് ഞങ്ങൾ ബിഹാറിൽ എത്തിയത്.

എല്ലാ പ്രതിപക്ഷ പാർട്ടികളും ഇവിടെ വന്നിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ്. കർണാടകയിൽ ബിജെപി നേതാക്കൾ എല്ലായിടത്തും പോയി പ്രസംഗിച്ചു. പക്ഷേ ഫലം എന്താണെന്ന് നിങ്ങൾക്ക് അറിയാം. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നപ്പോൾ തന്നെ കർണാടകയിൽ ബിജെപി ഇല്ലാതായി. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി ഇനി ഉണ്ടാകില്ലെന്നും കോൺഗ്രസ് വിജയിക്കുമെന്നും ഞാൻ ഉറപ്പിച്ചു പറയുന്നു.” രാഹുൽ പറഞ്ഞു.

2024ലെ പൊതുതിരഞ്ഞെടുപ്പിൽ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഐക്യത്തോടെ പോരാടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു. ബിഹാറിൽ വിജയിച്ചാൽ രാജ്യത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഓഫിസിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്ത ഖാർഗെ, ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചു.

നിർണായക പ്രതിപക്ഷ യോഗത്തിനായി പട്നയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ബിഹാറിലെത്തിയ രാഹുലിനൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയാണ് നിതീഷ് കുമാർ, കോൺഗ്രസ് നേതാക്കളെ സ്വീകരിച്ചത്. രാവിലെ മുതൽ വിമാനത്താവളപരിസരം കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൊണ്ടു നിറഞ്ഞിരുന്നു. ഇതിനുശേഷമാണ് രാഹുൽ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയത്.

അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള വഴികൾ തേടിയാണ് പ്രതിപക്ഷ കക്ഷികളുടെ പ്രഥമ സംയുക്ത യോഗം ചേരുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് 4 മാസം മുൻപാണു പ്രതിപക്ഷം ഇത്തരത്തിലുള്ള ആദ്യയോഗം ചേർന്നതെങ്കിൽ ഇക്കുറി ഒരു വർഷം മുൻപേ ഐക്യം രൂപപ്പെടുത്താനാണു ശ്രമം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുൻകയ്യെടുത്ത് വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ്, തൃണമൂൽ, ഡിഎംകെ, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, സിപിഎം, സിപിഐ, ആർജെഡി, ജെഡിയു, എൻസിപി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, പിഡിപി, നാഷനൽ കോൺഫറൻസ്, മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് (എം) എന്നിവയടക്കം 20 കക്ഷികൾ പങ്കെടുക്കും. ബിഎസ്പി, ബിആർഎസ് എന്നീ പാർട്ടികൾ പങ്കെടുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *