വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ കെ വിദ്യയ്‌ക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് വിവരം. സെെബർ വിദ‌ഗ്ദർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചിരുന്നു. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. 

സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. പിന്നീട് കേസ് അഗളി പൊലീസിന് കെെമാറി. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. 

Leave a Reply

Your email address will not be published. Required fields are marked *