പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ് എന്ന് പേരിട്ടേക്കും, ഷിംലയിലെ യോഗത്തിൽ അന്തിമതീരുമാനം

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയൻസ്(പി.ഡി.എ) എന്ന് പേരിട്ടേക്കും. ജൂലൈ രണ്ടാംവാരം ഷിംലയിൽ നടക്കുന്ന യോഗത്തിലായിരിക്കും പേര് അന്തിമമായി തീരുമാനിക്കുക. അതേസമയം, പ്രതിപക്ഷ കൂട്ടായ്മയ്‌ക്കെതിരായ വിമർശനത്തിന് ബി.ജെ.പി മൂർച്ചകൂട്ടിയിരിക്കുകയാണ്. ബി.ജെ.പി സഖ്യമായ എൻ.ഡി.എയ്ക്ക് ബദലായി കൂട്ടായ്മ പി.ഡി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടണമെന്നതാണ് നേതാക്കന്മാരുടെ ആഗ്രഹം. രാജ്യം നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കാൻ രാജ്യസ്‌നേഹികളുടെ കൂട്ടായ്മ എന്നാണ് പേരിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് പട്‌ന യോഗത്തിൽ പേര് മുന്നോട്ടുവച്ചത്. പ്രതിപക്ഷമെന്നു വിളിക്കരുതെന്നും തങ്ങൾ രാജ്യസ്‌നേഹികളും ഭാരത് മാതയെ സ്‌നേഹിക്കുന്നവരുമാണെന്ന് യോഗത്തിനുശേഷം മമത ബാനർജി വ്യക്തമാക്കിയിരുന്നു.

നിതീഷ് കുമാറിനെ മുന്നണിയുടെ കൺവീനറാക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു. എന്നാൽ, ഇക്കാര്യവും സീറ്റ് വിഭജനം, പൊതുമിനിമം പരിപാടി എന്നിവയും അടുത്ത യോഗത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. സംസ്ഥാനതലത്തിലെ ഐക്യം, ബി.ജെ.പിക്കെതിരായ പൊതുസ്ഥാനാർത്ഥി എന്നിവ ചർച്ചചെയ്യുന്ന യോഗത്തിൽ ചെറുപാർട്ടികളെയും വിളിക്കാൻ തീരുമാനിച്ചു. മുസ്ലിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്(എം), ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾക്കും അടുത്ത യോഗത്തിലേക്ക് ക്ഷണമുണ്ട്.

അതേസമയം, പട്‌ന യോഗത്തിൽ പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ടയാണെന്നതാണ് ബി.ജെ.പി വിലയിരുത്തൽ. ഒരാളെ തോൽപ്പിക്കണമെന്ന അജൻഡയിലാണ് എല്ലാവരും ഒരുമിച്ചുകൂടിയതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ആരോപിച്ചു. ഒരു അഴിമതി ആരോപണം പോലും മോദിക്കെതിരെ ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർമല കുറ്റപ്പെടുത്തി. അതേസമയം, കേന്ദ്ര ഓർഡിനൻസിനെതിരെ കോൺഗ്രസ് പരസ്യ പിന്തുണ നൽകാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ആംആദ്മി പാർട്ടി. പട്‌ന യോഗത്തിൽ അവസാനനിമിഷം അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *