മണിപ്പുരിൽ സംഘർഷം നിയന്ത്രണവിധേയമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പുരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഘർഷം രൂക്ഷമായത്. 

കലാപകാരികളുടെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണു മണിപ്പുരിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. 5 പേർക്കു പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് വിഭാഗക്കാർ കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫിസിനു മുന്നിലും പ്രതിഷേധമുണ്ടായി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിേധയമാണെന്നാണു സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി രാഹുൽ ഗാന്ധിയുടെ ഇന്നത്തെ യാത്ര ഹെലികോപ്റ്ററിലായിരിക്കും. മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകളാണ് ഇന്നു സന്ദർശിക്കുന്നത്. 

ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര ഇന്നലെ പൊലീസ് തടഞ്ഞതും സംഘർഷത്തിനു കാരണമായി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിനെ തടഞ്ഞത്. 2 മണിക്കൂറിലധികം കാത്തിരുന്നിട്ടും യാത്ര തുടരാനാകാതെ വന്നതോടെ രാഹുൽ ഹെലികോപ്റ്ററിൽ കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലേക്കു പോയി. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട സ്ത്രീകളും കുട്ടികളും രാഹുലുമായി വേദന പങ്കുവച്ചു. സന്ധ്യയോടെ ഇംഫാൽ താഴ്‌വരയിലുള്ള മെയ്തെയ് ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *