ഇ.പി. ജയരാജന്റെ ചരിത്രമൊന്നും പറയിപ്പിക്കരുതെന്ന് വി.ഡി സതീശൻ

ഇ.പി. ജയരാജന്റെ ചരിത്രമൊന്നും പറയിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയ ഇ.പി. ജയരാജനാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത്. പഴയ ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി മാഫിയ രാജാവായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. എന്നിട്ടാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ അതേ ജയരാജന്‍ വരുന്നത്. പാര്‍ട്ടി വേദിയില്‍വെച്ചാണ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത്. ആ ജയരാജനാണ് ഞങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത്.

കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ജി ശക്തിധരൻെറ വെളിപ്പെടുത്തലില്‍ കേസെടുക്കാതെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഹീനമായ സൈബര്‍ ആക്രമണമാണ് എല്ലാവര്‍ക്കും എതിരെ നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ എന്ത് പറഞ്ഞാലും അപ്പോള്‍ കേസെടുക്കും. ദേശാഭിമാനി പത്രം എല്ലാദിവസവും എനിക്ക് വേണ്ടി പ്രത്യേകമായി പേജ് മാറ്റിവച്ചിരിക്കുകയാണ്. ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്നും ഖത്തറിലെ വ്യവസായിയുമായും ബന്ധമുണ്ടെന്നാണ് പറയുന്നത്.

ഇവരുമായൊക്കെ എന്നേക്കാള്‍ കൂടുതല്‍ ബന്ധം പിണറായി വിജയനും എം.വി ഗോവിന്ദനുമുണ്ട്. ഒരു ബന്ധവുമില്ലെന്ന് ദേശാഭിമാനി പറഞ്ഞാല്‍ അതിന് തെളിവ് തരാം. അവരെയൊന്നും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ഹോട്ടലില്‍ ഓഹരി ഉണ്ടെന്ന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കും. വാര്‍ത്തയെ നിയമപരമായി നേരിടാന്‍ ഉദേശിക്കുന്നില്ല. ഒരാള്‍ മൊഴി കൊടുത്തെന്ന രീതിയിലുള്ള വാര്‍ത്തയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും വി.ഡി സതീശൻ ചോദിച്ചു. സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഒരു കര്‍ഷകരുമില്ല. നാളീകേര സംഭരണം മുടങ്ങി. നെല്‍ കര്‍ഷകര്‍ക്ക് ആയിരം കോടി രൂപ കൊടുക്കാനുണ്ട്. റേഷന്‍ വിതരണം സ്തംഭിച്ചിട്ട് രണ്ട് വര്‍ഷമായി. കൊള്ളസംഘങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ സര്‍ക്കാര്‍ മോദിയെ അനുകരിക്കുകയാണ്. ഇതൊരു തീവ്രവലതുപക്ഷ സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടനീതിയാണെന്ന ആരോപണം അടിവരയിടുന്ന നടപടികളാണ് അടുത്തിടെയുണ്ടായ എല്ലാ സംഭവങ്ങളിലുമുണ്ടാകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *