പെണ്‍ സുഹൃത്തുക്കളടക്കം കോക്ക്പിറ്റില്‍, കടുപ്പിച്ച്‌ ഡിജിസിഎ; ‘ഇനി ആരെങ്കിലും കയറിയാല്‍ ശക്തമായ നടപടി’

വനിത സുഹൃത്തുക്കളെയടക്കം പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കയറ്റിയ സംഭവത്തിന് പിന്നാലെ കടുപ്പിച്ച്‌ വ്യോമയാന മന്ത്രാലയം.

ഇനി കോക്ക്പീറ്റില്‍ ആരെങ്കിലും കയറിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡി ജി സി എ മുന്നറിയിപ്പ് നല്‍കി. കോക്ക്പിറ്റിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം കര്‍ശനമായി അവസാനിപ്പിക്കണമെന്നും വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാന കമ്ബനികള്‍ക്കും പൈലറ്റുമാര്‍ക്കും ക്യാബിൻ ക്രൂവിനുമാണ് ഡി ജി സി എ നിര്‍ദ്ദേശം നല്‍കിയത്. അനധികൃത പ്രവേശനം അനുവദിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വനിത സുഹൃത്തുക്കളെയടക്കം കോക്ക്പിറ്റില്‍ കയറ്റിയ 4 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡി ജി സി എ നിലപാട് കടുപ്പിച്ചത്.

വിമാന കോക്ക്പിറ്റിലേക്ക് അനധികൃതമായി വനിതാ സുഹൃത്തുക്കളടക്കം പ്രവേശിച്ച സംഭവങ്ങള്‍ സമീപകാലത്ത് ഡി ജി സി എയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും വ്യോമയാന മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. കോക്ക്പിറ്റില്‍ മറ്റുള്ളവരുണ്ടാകുന്നത് കോക്ക്പിറ്റ് ജീവനക്കാരുടെ സെൻസിറ്റീവ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും വിമാന യാത്രയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന പിശകുകളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി. ഇനി ഇത്തരം സംഭവങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി ജി സി എ അധികൃതര്‍ വിശദീകരിച്ചു.

ജൂണ്‍ 3 നാണ് കോക്ക്പീറ്റിലെ അനധികൃത പ്രവേശനം ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തത്. ചണ്ഡിഗഡ് – ലേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഇത്തരത്തില്‍ ഒരു സുഹൃത്തിന് കോക്ക് പിറ്റില്‍ പ്രവേശനം അനുവദിച്ചത്. പൈലറ്റിന്റെ സുഹൃത്ത് വിമാനയാത്രയില്‍ ഉടനീളം കോക്പിറ്റില്‍ തന്നെ തുടരുകയായിരുന്നു. ഫെബ്രുവരി 27 നും സമാനമായ സംഭവം ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ പൈലറ്റ് ദില്ലി – ദുബായ് വിമാന യാത്രക്കിടെയാണ് ഒരു വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ പ്രവേശിപ്പിച്ചത്. ഈ പൈലറ്റുമാരടക്കം നാല് പേരെയാണ് കോക്ക്പിറ്റിലെ അനധികൃത പ്രവേശനത്തിന്റെ പേരില്‍ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *