മഴക്കെടുതിയിൽ ഇന്ന് 3 മരണം

ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. 

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയിൽ  വീടിന് മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്.  

ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. അപ്പർകുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. കാലവർഷത്തിൽ  ഭാഗികമായി  തകർന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളിൽ ആയി 651  കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചില  താഴ്ന്ന പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.  അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *