രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്. ഗുജറാത്തില്‍നിന്ന് വര്‍ത്തമാന കാലത്ത് നീതി പ്രതീക്ഷിക്കുന്നില്ല. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. രാഹുലിന്റെ അപ്പീൽ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുകൂടി.‌

അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി പ്രതികരിച്ചു. രാഹുൽ സ്ഥിരമായി ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ, അക്കാര്യത്തിൽ രാഹുൽ തന്നെ ശ്രദ്ധിക്കണമെന്നും പൂർണേഷ് മോദി ചൂണ്ടിക്കാട്ടി.

രാഹുൽ സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, സൂറത്ത് കോടതിയുടെ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചത്. രാഹുലിനെതിരെ സമാനമായ പരാതികളും പത്തോളം ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ, എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. മാത്രമല്ല, അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിക്കാനും സാധിക്കില്ല.

2019 ലോക്‌സഭാ പ്രചാരണത്തിനിടെ കർണാകയിലെ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാർച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *