ഏക സിവില്‍ കോഡില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കും

ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും.

ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു.

ഏക സിവില്‍ കോഡ‍ില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കും, മതേതരത്വതത്തിനും എതിരാണെന്ന നിലപാടുയര്‍ത്തി നാഗാലന്‍ഡിലെ ഭരണകക്ഷിയായ എന്‍ഡിപിപി സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.

അതേ സമയം, ഏക സിവില്‍കോഡ് ബില്ല് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ മൂന്നാംവാരം വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ നിയമനിര്‍മ്മാണമായി ഏക സിവില്‍കോഡിനെ പരിഗണിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. നിയമ കമ്മീഷനെയടക്കം വിളിപ്പിച്ചാണ് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശാല യോഗം ചേരുന്നത്. ഇതിനോടകം കിട്ടിയ എട്ടരലക്ഷത്തിലധികം പ്രതികരണങ്ങളുടെ ഉള്ളടക്കം നിയമകമ്മീഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിക്കും.

ഏകസിവില്‍കോഡ് വിഭാവനം ചെയ്യുന്ന ഭരണ ഘടനയുടെ നാല്‍പത്തിനാലാം അനുച്ഛേദം, അനുകൂല സുപ്രീംകോടതി വിധികള്‍ ഇതൊക്കെ സര്‍ക്കാര്‍ നടപടികളുടെ വേഗം കൂട്ടുന്നതാണ്. സിവില്‍ കോ‍ഡ് പ്രായോഗികമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയ നിയമ കമ്മീഷനെ മാറ്റി പുതിയ കമ്മിഷനെ നിയോഗിച്ചതും അനുകൂല പശ്ചാത്തലമൊരുക്കാനാണ്. ഓഗസ്റ്റ് അഞ്ചിന് ഏകസിവില്‍കോഡ് വരുമെന്ന ബിജെപി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റും യാദൃശ്ചികമല്ലെന്നാണ് വിവരം. അയോധ്യ രാമക്ഷേത്രത്തിന്‍റെയും, ജമ്മുകശ്മീര്‍ പുനസംഘടനയുടെയും കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത് ഓഗസ്റ്റ് അഞ്ചിനാണെന്നും കപില്‍ മിശ്ര ട്വിറ്ററിലെഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *