മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ എന്ത് കൊണ്ടാണ് വൈകിപ്പിക്കുന്നത്? ഭരണഘടനയിൽ മതേതരത്വം എന്നെഴുതി വെച്ചിരിക്കുന്നത് ആലങ്കാരികമായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ ജനതയ്ക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാത്യു കുഴൽനാടൻ എംഎൽഎ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കെസിബിസി അധ്യക്ഷന്റെ പ്രതികരണം .
‘ മണിപ്പൂരിൽ പരസ്പരം കൊന്നു തീർക്കുന്നത് ഭാരതീയരാണോ മറ്റ് രാജ്യക്കാരാണോ? ഭാരതീയൻ ആണെങ്കിൽ ആ ജീവനുകൾ രക്ഷിക്കാൻ ഇന്ത്യയുടെ ഭരണാധികാരികൾക്ക് ഉത്തരവാദിത്തമില്ലേ? മതവും വിശ്വാസവും അവിടെ നിൽക്കട്ടെ, അവിടുത്തെ പീഡനങ്ങളുടെ പേരിൽ ഇന്ത്യയിലെ ക്രിസ്തുമതം തുടച്ച് നീക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമാണ്. മതത്തിന്റെ പേരിൽ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന വിഷയത്തിൽ വലിയ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി’
‘മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. ആ മൌനം വെടിഞ്ഞ് അദ്ദേഹം സംസാരിക്കണം. രാജ്യത്തിന്റെ ഐക്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും’ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ പറഞ്ഞു. ഭരണം പിടിച്ചെടുക്കുന്നതിന് മതം ഉപയോഗിക്കുന്നത് പാപവും ജനാധിപത്യ വിരുദ്ധവുമാണ് നമ്മുടെ നാട്ടിൽ അത് സംഭവിക്കാൻ പാടില്ലെന്നും ബാവ കൂട്ടിച്ചേർത്തു.