ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പെരുമാതുറയില്‍ നിന്ന് നാലംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ കാറ്റിലും തിരയിലും പെട്ട് മുതലപ്പൊഴിയില്‍ വച്ച് മറിയുകയായിരുന്നു. പുതുക്കുറുച്ചി സ്വദേശിയായ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായ 4 തൊഴിലാളികളില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. പുതുക്കുറുച്ചി സ്വദേശികളായ ബിജു, മാന്‍ഡസ്, ബിജു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിരച്ചിലിനിടെ അബോധാവസ്ഥയിൽ കണ്ടെത്തിയ കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവരെ നാട്ടുകാർ തടഞ്ഞു. രക്ഷാദൌത്യം വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിമാരുടെ സന്ദർശനത്തെ വിമർശിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണ് സിപിഐഎം പ്രവർത്തകരുടെ സംരക്ഷണത്തിൽ മന്ത്രിമാർ എത്തിയതെന്നായിരുന്നു വിമർശനം . മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാഴിലാളികൾ അപകടത്തിൽ പെടുന്നത് തടയാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പുതുക്കുറിച്ചിയിൽ റോഡ് ഉപരോധിച്ചു.