സി പി ഐ നേതാവ് ആനിരാജയടക്കമുള്ള മൂന്ന് പേർക്കെതിരെ രാജ്യദ്യോഹക്കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂർ കലാപം സർക്കാർ സ്പോൺസേർഡ് എന്ന് വിശേഷിപ്പിച്ചതിന് ഇംഫാൽ പൊലീസാണ് കേസെടുത്തത്. ആനി രാജയും സംഘവും നേരത്തെ മണിപ്പൂർ സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കിയ ആനി രാജയെക്കൂടാതെ നിഷ സിദ്ധു, ദിക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ മൂന്നുപേരും നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വിമൺസ് എന്ന സംഘടനയിലെ അംഗങ്ങളാണ്. ലിബൻസിംഗ് എന്നയാളുടെ പരാതിയിലാണ് പൊലീസ് നടപടി.
കേസിനെതിരെ ദിക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ മാസം പതിനാല് വരെ ദിക്ഷയുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. പ്രസ്താവനകളിൽ നിന്ന് പിന്നോട്ടില്ലെന്നും നേരിട്ട് കണ്ട വസ്തുതകളാണ് പറഞ്ഞതെന്നും ആനി രാജ പ്രതികരിച്ചു. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.