‘ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരം, കെ.വി. തോമസ് അഴകിയ ദല്ലാള്‍’: ചെറിയാന്‍ ഫിലിപ്പ്

ബി.ജെ.പി.യുമായുള്ള അവിഹിതബന്ധത്തിന് കെ.വി.തോമസിനെ സി.പി.എം. അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ.ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് സി.പി.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം. മറ്റിടങ്ങളില്‍ സി.പി.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കഴിഞ്ഞദിവസം കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സില്‍വര്‍ലൈനിന് ബദലായുള്ള പാത ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ലൈന്‍ പദ്ധതി ഒരിക്കലും കേരളത്തില്‍ നടപ്പാക്കാനാകില്ലെന്നും സെമി അല്ലെങ്കില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് കേരളത്തിന് അനുയോജ്യമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിശദമായ രൂപരേഖയും ഇ.ശ്രീധരനില്‍നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *