ഷാർജയിൽ ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

ഓൺലൈൻ കാർ വില്പനയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി. കാറുകൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന ഇത്തരം വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വെബ്‌സൈറ്റുകളുമായി ഇടപാടുകൾ നടത്തുന്നവരെ കബളിപ്പിച്ച് കൊണ്ട് പണം തട്ടുന്നതിനാണ് ഇവയ്ക്ക് പിറകിലുള്ള സംഘങ്ങൾ ലക്ഷ്യമിടുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഈ വ്യാജ വെബ്‌സൈറ്റുകളിൽ ഇടപാടുകൾ നടത്തുന്നവർക്ക് പണം നൽകുന്നതിനായി തട്ടിപ്പ് സംഘങ്ങൾ വ്യാജ ചെക്കുകൾ ഉപയോഗിക്കുന്നതായും, ഇത്തരം വ്യാജ ചെക്കുകൾ വാരാന്ത്യങ്ങളിലും, ഔദ്യോഗിക അവധിദിനങ്ങളിലും ബാങ്കുകളുടെ പ്രവർത്തിസമയം അവസാനിച്ച ശേഷം എ ടി എം മെഷിനുകളിൽ നിക്ഷേപിച്ച് കൊണ്ടാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്തണമെന്നും ഷാർജ പോലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 8002626 അല്ലെങ്കിൽ 901 എന്നീ നമ്പറുകളിൽ അധികൃതരെ അറിയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *