മുതലപ്പൊഴി ബോട്ട് അപകടത്തിൽ: മരിച്ചവരുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും, മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും; മന്ത്രി സജി ചെറിയാൻ

മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും. വീടില്ലാത്തവർക്ക് സർക്കാർ വീട് വെച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. വിഷയം അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. അതേസമയം, വി.മുരളീധരന്റെ നേതൃത്വത്തിൽ മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴിയിൽ സന്ദർശനം നടത്തി.

സജിചെറിയാന്റെ നേതൃത്വത്തിൽ മന്ത്രിമാരായ ആന്റണി രാജു, വി.ശിവൻകുട്ടി, ജി.ആർ അനിൽ തുടങ്ങിയവർ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച നടത്താൻ യോഗം ചേർന്നു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സംരക്ഷിക്കുന്നതും മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും വേണ്ട കാര്യങ്ങൾ ചർച്ചയായി. മന്ത്രിതല സമിതി എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സജി ചെറിയാൻ അറിയിച്ചു. അപകടത്തിൽ മരിച്ച നാല് പേരുടെയും കുടുംബത്തിന്റെ കടം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനും തീരുമാനമായി.

അതിനിടെ ഫിഷറീസ് ഡെവലപ്‌മെൻറ് കമ്മീഷണർ ആന്റണി സേവ്യർ, ഫിഷറീസ് അസിസ്റ്റൻറ് കമ്മീഷണർ ജി രാമകൃഷ്ണ റാവു, സി.ഐ.സി.ഇ.എഫ് ഡയറക്ടർ എൻ. വെങ്കിടേഷ് പ്രസാദ് എന്നിവർ വി.മുരളീധരനൊപ്പം മുതലപ്പൊഴിയിൽ സന്ദർശനം നടത്തി. അപകടസ്ഥലം സന്ദർശിച്ച സംഘം മത്സ്യത്തൊഴിലാളികളുമായും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഒരോന്നായി പ്രദേശവാസികളും വൈദികരും വിദഗ്ദ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു. ശ്വാശത പരിഹാരമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് മത്സ്യത്തൊഴിലാളികളും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *