പുതുപ്പള്ളി ഹൗസിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാന യാത്ര; തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും രാവിലെ 7.15 ഓടെയാണ് വിലാപയാത്ര തുടങ്ങിയത്. മഴയെ അവഗണിച്ചു നൂറ് കണക്കിന് ആളുകളാണ്ത ങ്ങളുടെ പ്രിയ നേതാവിനെ ഒന്ന് അവസാനമായി കാണുവാൻ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് ജന്മ നാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്ര ഒരുക്കിയിരിക്കുന്നത്. പ്രമുഖ കോൺഗ്രസ് നേതാക്കൾ എല്ലാം യാത്രയിൽ അനുഗമിക്കുന്നുണ്ട്.

“വീരാ, ധീരാ, ഉമ്മൻ ചാണ്ടി, ആര് പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന് നൊമ്പരമുണർത്തുന്ന മുദ്രാവാക്യങ്ങളിലൂടെയാണ് കോൺഗ്രസ് പ്രവർത്തകർ ബസ്സിനൊപ്പം മുന്നോട്ടുനീങ്ങി തങ്ങളുടെ അന്ത്യാഞ്ജലി അറിയിച്ചു കൊണ്ടിരിക്കുന്നത്. റോഡരികുകളിൽ കൈക്കുഞ്ഞുങ്ങുമേന്തി വരെ നിരവധി ആളുകൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നില്ക്കുന്നുണ്ട്. തിരുവനന്തപുരം – കോട്ടയം എംസി റോഡിലൂടെയാണ് വിലാപ യാത്ര കടന്ന് പോകുന്നത്.

കഴിഞ്ഞ അര നൂറ്റാണ്ടായി തിരുവനന്തപുരം – കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ. ഒരു പക്ഷേ ഈ വഴിയിൽ ഏറ്റവും കൂടുതൽ തവണ യാത്ര ചെയ്തിട്ടുള്ള വ്യക്തിയും ഉമ്മൻ ചാണ്ടിയാവും. അപൂർവ്വം ചില ദിവസങ്ങളിൽ ഒന്നിലേറെ തവണ തിരുവനന്തപുരം മുതൽ കോട്ടയം വരെ യാത്ര ചെയ്ത ചരിത്രവും അദ്ദേഹത്തിന് മാത്രം.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.വഴി നീളെ ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ സൌകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഭൗതികദേഹം കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി വലിയ പള്ളിയിലേക്ക് കൊണ്ടു പോകും. 3.30 മണിയോടെ ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബസേലിയോസ് മാർത്താമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *