ദുബൈയിൽ ട്രക്ക് ഡ്രൈവർമാർക്കായി 19 വിശ്രമകേന്ദ്രങ്ങൾ വരുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിപുലമായ സൗകര്യങ്ങളുള്ള വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നതെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മൊത്തം മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരേ സമയം ആയിരം ട്രക്കുകളും ഹെവി വാഹനങ്ങളും നിർത്തിയിടാൻ സാധിക്കുന്ന 19 വിശ്രമകേന്ദ്രങ്ങളാണ് ആർ.ടി.എ നിർമിക്കുന്നത്. ഇവയിൽ മൂന്ന് വിശ്രമകേന്ദ്രങ്ങൾ ഉണ്ടാവും. വിവിധ സൗകര്യങ്ങളോടു കൂടിയ സംയോജിത വിശ്രമകേന്ദ്രങ്ങളാണ്. ഇവിടെ ട്രക്ക് ഡ്രൈവർമാർക്കുള്ള വിശ്രമത്തിന് പുറമേ, ഡീസൽ സ്റ്റേഷൻ, വർക്ക് ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഫാർമസി, ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
അഡ്നോക്ക്, അൽമുതകാമല വെഹിക്കിൾ രജിസ്ട്രേഷൻ സെന്റർ എന്നിവയുമായി സഹകരിച്ചാണ് മൂന്ന് സംയോജിത വിശ്രമകേന്ദ്രങ്ങൾ യാഥാർഥ്യമാക്കുക. ഈ കേന്ദ്രങ്ങളിൽ 120 മുതൽ 200 വരെ ട്രക്കുകൾ ഒരേ സമയം നിർത്തിയിടാൻ പറ്റും. ജബൽഅലി ഫ്രീസോണിന് സമീപം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡിൽ അൽതായ് റേസ് ട്രാക്കിന് സമീപം, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി എന്നിവിങ്ങളിലാണ് സംയോജിത വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്.
കൂടുതൽ ട്രക്കുകൾ കടന്നുപോകുന്ന ദുബൈ-ഹത്ത റോഡ്, ശൈഖ് മുഹമ്മദ് ബിൻസായിദ് റോഡ്, എമിറേറ്റസ് റോഡ്, ദുബൈ അൽഐൻ റോഡ്, ജബൽ അലി – ലെഹബാബ് റോഡ്, അൽ അവീർ റോഡ് എന്നിവക്ക് സമീപമായാണ് മറ്റ് 16 വിശ്രമകേന്ദ്രങ്ങളും നിർമിക്കുക. ഇവിടെ 30 മുതൽ 40 വരെ ട്രക്കുകൾ നിർത്തിയിടാനാകും. വിശ്രമകേന്ദ്രങ്ങൾ ട്രക്കുകളുണ്ടാക്കുന്ന അപകടം 50 ശതമാനം വരെ കുറക്കുമെന്നാണ് ആർ.ടി. എ കണക്കാക്കുന്നത്.