വിദ്യാര്‍ഥികള്‍ക്കായി പുതിയ ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി കൊച്ചി മെട്രോ

വിദ്യാര്‍ഥികള്‍ക്കായി പുതിയ ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി കൊച്ചി മെട്രോ. സ്കൂള്‍ യാത്രകളില്‍ കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഈ അധ്യയനവര്‍ഷം വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികളുടെ സ്കൂള്‍/കോളജ് യാത്രകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ പുതിയ ട്രാവല്‍ പാസ് വിദ്യ-45 പുറത്തിറക്കിയത്.

അഭിനേത്രിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ കുട്ടികളായ കെയ്റ്റ്ലിനും കെൻഡലുമാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാസ് സമ്മാനിച്ച്‌ വിദ്യ 45ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഈ കാര്‍ഡ് ഉപയോഗിച്ച്‌ ഒരു വിദ്യാര്‍ഥിക്ക് 45 ദിവസത്തിനകം 50തവണ ഏത് മെട്രോ സ്റ്റേഷനില്‍നിന്ന് എത്രദൂരവും യാത്രചെയ്യാം. 495 രൂപയാണ് പാസിന്‍റെ നിരക്ക്. വിദ്യ45 ട്രാവല്‍ പാസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥിക്ക് ഒരുതവണ മെട്രോയില്‍ എത്ര ദൂരവും യാത്രചെയ്യാൻ വെറും 10 രൂപയില്‍ താഴെ മാത്രംമതി എന്നത് ശ്രദ്ധേയമാണ്. വാലിഡിറ്റി തീരുന്നതനുസരിച്ച്‌ കാര്‍ഡ് മെട്രോ സ്റ്റേഷനില്‍നിന്ന് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

സ്കൂള്‍/കോളജില്‍നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയുമായി വന്ന് എല്ലാ മെട്രോ സ്റ്റേഷനുകളില്‍നിന്ന് ട്രാവല്‍പാസ് വാങ്ങാനാകും. 25 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിവിധ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കും ജോലിക്കായുള്ള പ്രവേശന പരീക്ഷകള്‍ക്കും കോച്ചിങ് നല്‍കുന്ന അംഗീകൃത സെന്‍ററുകളിലെ അധികൃതരില്‍നിന്ന് വിദ്യാര്‍ഥിയുടെ ഫോട്ടോ പതിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചാലും പാസ് വാങ്ങാനാകും.

25 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്‌ പാസ് വാങ്ങാനാവുക. ഒരു ദിവസത്തെയും ഒരുമാസത്തെയും വാലിഡിറ്റി വീതമുള്ള അണ്‍ലിമിറ്റഡ് ട്രാവല്‍ പാസുകളായ 50 രൂപയുടെ വിദ്യ-1900 രൂപയുടെ വിദ്യ-30 എന്നീ പാസുകള്‍ക്ക് പുറമെയാണ് കൊച്ചി മെട്രോ പുതിയ പാസ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 77363 21888.

Leave a Reply

Your email address will not be published. Required fields are marked *