അൽ ഹിലാലിന്റെ ഓഫർ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്; ലക്ഷ്യം റിയൽ മഡ്രിഡ് ?

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സൗദി ക്ലബ് അൽ ഹിലാലിന്‍റെ റെക്കോര്‍ഡ് പ്രതിഫല വാഗ്‌ദാനം തള്ളിയതായി റിപ്പോര്‍ട്ട്. സ്‌പാനിഷ് വമ്പന്‍മാരായ റയൽ മാഡ്രിഡിന്‍റെ ഓഫറിനായി താരം കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2178 കോടി രൂപയാണ് പ്രതിവര്‍ഷം കിലിയൻ എംബാപ്പെയ്ക്ക് സൗദി ക്ലബ് അൽ ഹിലാലിന്‍റെ വാഗ്‌ദാനം. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസഫര്‍ തുക കൂടിയാണിത്.

പണമായിരുന്നു വിഷയമെങ്കിൽ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കിയേനെ എന്ന് എംബാപ്പെ പറഞ്ഞെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമത്തിലെ എംബാപ്പെയുടെ ഒരു പോസ്റ്റും ഇതിനെ ശരിവയ്ക്കുന്നതാണ്. തന്നെ കാണാൻ എംബാപ്പെയെ പോലുണ്ടെന്നും വേണമെങ്കിൽ തന്നെ വാങ്ങിക്കോളൂവെന്ന രസകരമായ പോസ്റ്റ് ബാസ്ക്കറ്റ് ബോൾ താരം ജിയാനി പങ്കുവച്ചിരുന്നു. ഇതിന് ചിരിക്കുന്ന സ്മൈലി എംബാപ്പെ ഇട്ടിരുന്നു. അൽ ഹിലാലിന്‍റെ ഓഫറിനെ താരം തള്ളിയെന്നതിന്‍റെ സൂചനയാണിതെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡും ചെൽസിയുമെല്ലാം ഓഫറുകളുമായി രംഗത്തുണ്ടെങ്കിലും സ്‌പാനിഷ് സൂപ്പര്‍ ക്ലബ് റയൽ മാഡ്രി‍ഡ് തന്നെയാണ് ഇപ്പോഴും എംബാപ്പെയുടെ മസിൽ. സ്‌പാനിഷ് ക്ലബ് ഓഫര്‍ വയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ഫ്രഞ്ച് നായകൻ. എന്നാൽ ട്രാൻസഫര്‍ വിപണി അവസാനിക്കുന്നത് വരെ കാത്തിരിക്കാനാണ് റയലിന്‍റെ നീക്കം. ചുരുങ്ങിയത് 200 മില്ല്യണ്‍ യൂറോയെങ്കിലും എംബാപ്പെയ്ക്കായി കിട്ടണമെന്നാണ് പിഎസ്‌ജി ആവശ്യപ്പെടുന്നത്. എന്നാൽ അടുത്ത സീസണിൽ കരാര്‍ അവസാനിക്കുന്ന താരത്തിനായി ഇത്ര തുക മുടക്കേണ്ട എന്ന തീരുമാനത്തിലാണ് റയൽ. 

Leave a Reply

Your email address will not be published. Required fields are marked *