മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം; ബാല

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ രാഷ്ട്രീയമേഖലയില്‍ നിന്നുള്ളവര്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തിനു ജനഹൃദയങ്ങളിലുണ്ടായിരുന്ന സ്ഥാനം വെളിവാക്കുന്നതായി തിരുവനന്തപുരത്തു നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര. ചലച്ചിത്രപ്രവര്‍ത്തകരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നടന്‍ ബാല സാധാരണക്കാരുടെ നായകനായ ജനനേതാവിനെ സ്മരിച്ചത് എല്ലാവരും ഏറ്റെടുത്തു.

ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണെന്ന് ബാല പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ അസുഖമുണ്ട്. കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തന്നു.

ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് ഒരു സ്റ്റൂളില്‍ കയറ്റിവച്ച് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കാല്‍ താഴ്ത്തി വച്ച് കെട്ടിപ്പിടിച്ച് കൊണ്ടാണ് സ്വീകരിച്ചത്. ഞാന്‍ ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഓഡിയോ ലോഞ്ചിന് വരണം എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം യാതൊരു മടിയും കൂടാതെ വരാമെന്നേല്‍ക്കുകയും പിന്നീട് ഓഡിയോ ലോഞ്ചിന് വരികയും ചെയ്തു. ഉമ്മന്‍ ചാണ്ടി എനിക്ക് പിതാവിനെ പോലെയാണ്. എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യണം- ബാല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *