യൂത്ത് ലീഗ് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യം; കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

കാസർഗോഡ് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ആറ് കേസുകള്‍ കാസര്‍കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കൂടൂതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

മുസ്ലീം യൂത്ത് ലീഗ് മണിപ്പൂര്‍ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിലാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം നടന്ന റാലിയിൽ ബുധനാഴ്ച തന്നെ മുദ്രാവാക്യം വിളിച്ച് നല്‍കിയ 18 വയസുകാരന്‍ അബ്ദുല്‍ സലാം അടക്കം അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതല്‍ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ട്. ഇത് തടയാനുള്ള ശ്രമത്തിലാണ് പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ കാസര്‍കോട് സൈബല്‍ സെല്‍ നിരീക്ഷണമുണ്ട്. ഗ്രൂപ്പുകളില്‍ ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാല്‍ അഡ്മിന്‍മാരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

മുദ്രാവാക്യം വിളിച്ച് നല്‍കിയ അബ്ദുല്‍ സലാമിനെ കസ്റ്റഡിയില്‍ വാങ്ങാനായി ഹൊസ്ദുര്‍ഗ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിക്ക് ആരെങ്കിലും മുദ്രാവാക്യം പഠിപ്പിച്ച് നല്‍കിയതാണോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇന്നലെ ജില്ലയിലെത്തിയ ഡിജിപി ഷേഖ് ദര്‍വേശ് സാഹേബ് കേസിന്‍റെ പുരോഗതി വിലയിരുത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *