രക്ത സാക്ഷി ഫണ്ട് തട്ടിപ്പ് ; വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെന്റ് ചെയ്ത് സിപിഐഎം

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഐഎം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. ടി രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.

2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കുന്നതിനുമായി പാർട്ടി ധനശേഖരണം നടത്തിയിരുന്നു. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നൽകിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാൽ ഈ പണം രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാർട്ടി അന്വേഷിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ ഫണ്ട് തട്ടിപ്പിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിനെ സമീപിച്ചിട്ടില്ല. പരാതി പാർട്ടിയും പൊലീസിന് കൈമാറിയിട്ടില്ല.

വിഷ്ണു വധക്കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. സർക്കാർ വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല. കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിലിട്ടാണ് 2008 ൽ ആർഎസ്എസ് സംഘം വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നേരിട്ട മുഴുവൻ പ്രതികളും ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *