കാനനപാത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ മുത്തങ്ങ-ഗുണ്ടല്‍പേട്ട്- ബന്ദിപ്പുര്‍-മുതുമലൈ-മസിനഗുഡി-കല്ലട്ടി ചുരം വഴി ഊട്ടിയിലേക്കു യാത്ര ചെയ്യൂ. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. മുത്തങ്ങ വനമേഖലയോടു ചേര്‍ന്നുള്ള സ്ഥലമാണ് ഗുണ്ടല്‍പേട്ട്. വലിയ കാര്‍ഷിക ഗ്രാമമാണിത്. മുത്തങ്ങയില്‍നിന്ന് 52 കിലോമീറ്ററാണ് ഈ കാര്‍ഷിക ഗ്രാമത്തിലേക്കുള്ള ദൂരം. ഓണം, വിഷു തുടങ്ങിയ ഉത്സവനാളുകളില്‍ മലബാര്‍ മേഖലയിലേക്ക് പച്ചക്കറികളും പൂക്കളുമെത്തുന്നത് ഇവിടെനിന്നാണ്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങളും ജമന്തിപ്പാടങ്ങളും വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കും.
ബന്ദിപ്പുര്‍-മുതുമലൈ കാനനപാതയിലൂടെ പോകുമ്പോള്‍ വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുത്. വലിയ പിഴ അടക്കേണ്ടിവരും. നാഗരികത തൊട്ടുതീണ്ടാത്ത വനത്തിനുള്ളിലെ മനോഹര ഗ്രാമമായ മസിനഗുഡി തീര്‍ച്ചയായും സന്ദര്‍ശിക്കണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണിത്. ബന്ദിപ്പുര്‍ വനത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഹിമവദ് ഗോപാല്‍ സ്വാമി ബെട്ട സന്ദര്‍ശനം ആത്മീയാനുഭവമായിരിക്കും. ക്ഷേത്രം സന്ദര്‍ശിക്കാന്‍ ധാരാളം പേര് എത്താറുണ്ട്. താഴ്വാരം വരെ മാത്രമാണ് സ്വകാര്യവാഹനങ്ങള്‍ അനുവദിക്കു. അതുകഴിഞ്ഞാല്‍ സര്‍ക്കാര്‍ ബസില്‍ സഞ്ചരിച്ചുവേണം അവിടെയെത്താന്‍.