തമിഴ്നാട്ടിൽ ഗുണ്ടകളെ വെടിവച്ച് കൊന്ന് പൊലീസ്; കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികൾ

പത്തിലധികം കൊലക്കേസുകളിൽ പ്രതിയായ രണ്ട് ഗുണ്ടകളെ തമിഴ്നാട് പൊലീസ് വെടി വച്ച് കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് സമീപം ഗുടുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും ജീവൻ രക്ഷിക്കാൻ പ്രതികളെ വെടിവെക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം.

എന്നാൽ പൊലീസ് ഏറ്റുമുട്ടൽ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കുതിച്ചെത്തിയ നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെയാണ് ജീവൻ രക്ഷിക്കാൻ വെടിവെക്കേണ്ടിവന്നത് എന്നാണ് പൊലീസ് പറയുന്നത്. ഈ സമയം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *