ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക് ആലം കൊടും കുറ്റവാളി, മുൻപും പോക്സോ കേസിൽ പ്രതി

ആലുവയിൽ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

അസ്ഫാക്കിനെ തിരിച്ചറിഞ്ഞെന്ന് കേസിലെ പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി.

അതേ സമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്.

അതേസമയം പ്രതി അസഫാഖ് ആലത്തിനെ ഞായറാഴ്ച ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. 

Leave a Reply

Your email address will not be published. Required fields are marked *