പ്രണയം സീമയെ ഇന്ത്യയിലെത്തിച്ചു; ഇനി സിനിമയിലേക്കും!

കാമുകനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയ സീമാ ഹൈദറിന്റെ ജീവിതം പുതിയ വഴിത്തിരിവിലേക്ക്. സിനിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് സീമയ്ക്കു ലഭിച്ചത്. സീമയ്ക്കു മാത്രമല്ല അവരുടെ കാമുകന്‍ സച്ചിന്‍ മീണയ്ക്കും വാഗ്ദാനം ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനായിരുന്ന കനയ്യലാല്‍ സാഹുവിന്റെ കൊലപാതകത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ടൈലര്‍ മര്‍ഡര്‍ സിനിമയിലേക്കാണ് സീമയ്ക്കും സച്ചിനും അവസരം ലഭിച്ചത്.

സീമയും സച്ചിനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, ചലച്ചിത്ര നിര്‍മാതാവ് അമിത് ജാനി ഇരുവര്‍ക്കും സഹായഹസ്തം നീട്ടുകയായിരുന്നു. താന്‍ നിര്‍മിക്കുന്ന സിനിമയില്‍ ജോലി ചെയ്യാമെന്ന വാഗ്ദാനമാണ് ജാനി നല്‍കിയിരിക്കുന്നത്. മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തില്‍ സീമ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സീമയെയും സച്ചിനെയും ആദ്യം താന്‍ എതിര്‍ത്തെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നറിഞ്ഞപ്പോള്‍ സഹായഹസ്തം നീട്ടുകയായിരുന്നുവെന്ന് ജാനി പറയുന്നു. ഇതേ സാഹചര്യത്തില്‍ അടുത്തിടെ പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വനിത അഞ്ജുവിനെ ആളുകള്‍ സഹായിക്കുന്നുണ്ട്. പോലീസ് അന്വേഷണത്തെത്തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് സീമയും സച്ചിനും പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *