‘ഹിന്ദിക്ക് ദാസ്യപ്പെടാൻ ഒരുക്കമല്ല’; അമിത് ഷായുടെ നിർദേശത്തെ തള്ളി സ്റ്റാലിൻ

ഹിന്ദി ഭാഷയെ യാതൊരെതിർപ്പുമില്ലാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തെ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി ഭാഷയ്ക്ക് ദാസ്യപ്പെടാൻ ഒരുക്കമല്ലെന്ന പ്രസ്താവനയോടെയാണ് സ്റ്റാലിൻ ശനിയാഴ്ച തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

സ്വീകാര്യത മന്ദഗതിയിലാണ് സാധ്യമാകുന്നതെങ്കിലും യാതൊരെതിർപ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദി മറ്റു പ്രാദേശികഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതൽ കരുത്താർജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഇതിനെതിരെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്റ്റാലിൻ പ്രതികരിച്ചത്. ‘ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂർവമായ നിലപാടിനെ ഞാൻ ശക്തമായി എതിർക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമർത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേൽപ്പിക്കലിനേയും സ്വീകരിക്കാൻ തമിഴ്നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിർവചിക്കുന്നത്’, സ്റ്റാലിൻ കുറിച്ചു.

‘കർണാടക, പശ്ചിമബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്. ആദരണീയനായ അമിത് ഷാ, പ്രതിരോധം പെരുകുന്നതിനെതിരെ ജാഗ്രത പുലർത്തുന്നത് നന്ന്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1965-ൽ നടന്ന പ്രക്ഷോഭങ്ങളുടെ അവശേഷിക്കുന്ന കനലുകൾ ആളിക്കത്തിക്കുന്നത് തികച്ചും ബുദ്ധിശൂന്യമായ നീക്കമാണ്’, സ്റ്റാലിൻ തുടർന്നു. 

Leave a Reply

Your email address will not be published. Required fields are marked *