യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതി: രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയപ്പോൾ മിണ്ടാതിരുന്ന സ്മൃതി ഇറാനിക്ക് രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സിന്റെ പേരിലാണ് പരാതിയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗം നേരത്തെയും വെട്ടിമാറ്റിയിട്ടുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ കൂടുതൽ സമയവും സ്പീക്കറുടെ മുഖത്തേക്കാണ് സഭാ ടി.വിയുടെ കാമറ തിരിച്ചിരുന്നത്. ഭരണപക്ഷത്ത് ആര് പ്രസംഗിച്ചാലും അവരെ പൂർണ സമയവും ടി.വിയിൽ കാണിക്കും. എന്നാൽ പ്രതിപക്ഷ അംഗങ്ങൾ പ്രസംഗിക്കുമ്പോൾ സ്പീക്കറെയാണ് സ്‌ക്രീനിൽ കാണിച്ചതെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇന്നലെ സഭയിൽ പ്രതിപക്ഷത്തിനെതിരെ മോശം പരാമർശം നടത്തിയത് അമിത് ഷായാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഭാഗങ്ങളാണ് വെട്ടിമാറ്റേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. 

അതേസമയം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ ലോക്‌സഭാ രേഖകളിൽനിന്ന് വെട്ടിമാറ്റിയതിനെതിരെ കോൺഗ്രസ് പരാതി നൽകും. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുത്ത് രാഹുൽ നടത്തിയ പ്രസംഗത്തിലെ കൊല, ദേശദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ വാക്കുകളാണ് വെട്ടിമാറ്റിയത്. ഇതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുലിന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന എല്ലാ ഭാഗത്തും പൂർണമായും തിരുത്തൽ വന്നിട്ടുണ്ട്. 24 ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. ഭാരതമാതാവിനെ ബി.ജെ.പിക്കാർ കൊല ചെയ്തുവെന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്. ഇവർ ദേശഭക്തരല്ല, ദേശദ്രോഹികളാണ് എന്നും രാഹുൽ ട്രഷറി ബെഞ്ചിനെ നോക്കി പറഞ്ഞിരുന്നു. രാഹുലിന്റെ പ്രസംഗം സൻസദ് ടി.വി പൂർണമായും സംപ്രേഷണം ചെയ്തില്ലെന്ന് കോൺഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസംഗം വെട്ടിമാറ്റിയ പുതിയ വിവാദം. ഇന്ന് വൈകീട്ട് നാലിന് പ്രധാനമന്ത്രി അവിശ്വാസപ്രമേയ ചർച്ചക്ക് മറുപടി പറയും.

Leave a Reply

Your email address will not be published. Required fields are marked *