മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതല്ല, ഫ്ലൈയിങ് കിസാണ് മാഡം ജിയെ അസ്വസ്ഥയാക്കിയത്: പ്രകാശ് രാജ്

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമര്‍ശിച്ചാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്. “മുന്‍ഗണനകള്‍… മാഡം ജിയെ ഒരു ഫ്ലൈയിങ് കിസ് അസ്വസ്ഥയാക്കി. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചതല്ല അസ്വസ്ഥയാക്കിയത്”- എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനി ഫ്ലൈയിങ് കിസ് ആരോപണം ഉന്നയിച്ചത്. വനിതാ അംഗങ്ങളുള്ള പാർലമെന്‍റില്‍ രാഹുൽ ഗാന്ധി ഫ്‌ളൈയിംഗ് കിസ് ആംഗ്യം കാണിച്ചെന്നായിരുന്നു ആരോപണം- “എനിക്ക് മുന്‍പ് സംസാരിച്ചയാള്‍ പോകുന്നതിന് മുമ്പ് അപമര്യാദയായി പെരുമാറി. വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെന്‍റിൽ ഫ്ലൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ ഒരാള്‍ക്കേ സാധിക്കൂ. ഇത്തരമൊരു മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ ഇതുവരെ കണ്ടിട്ടില്ല”.

രാഹുൽ ഗാന്ധിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം എന്‍.ഡി.എ വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ സമീപിച്ചു- “കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എംപി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിയും ഈ സഭാംഗവുമായ സ്മൃതി ഇറാനിയോട് അനുചിതമായ ആംഗ്യം കാണിച്ചു. സഭയിലെ വനിതാ അംഗങ്ങളുടെ അന്തസ്സിനെ അപമാനിക്കുക മാത്രമല്ല സഭയുടെ അന്തസ്സിനെ ഇകഴ്ത്തുകയും ചെയ്തു. ഈ പെരുമാറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു”. അതേസമയം വിദ്വേഷം ശീലമാക്കിയവര്‍ക്ക് സ്നേഹം മനസ്സിലാവുന്നില്ലെന്ന് ശിവസേന എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു- “രാഹുല്‍ സംസാരിക്കുമ്പോൾ മന്ത്രിമാരെല്ലാം എഴുന്നേറ്റത് എന്തിനെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മന്ത്രിമാർ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. രാഹുല്‍ സ്നേഹപൂർവ്വം ആംഗ്യം കാണിച്ചു. അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? വിദ്വേഷം ശീലമാക്കിയതുകൊണ്ടാണ് സ്നേഹവും വാത്സല്യവും നിങ്ങള്‍ക്ക് മനസിലാവാത്തത്”- പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.

അയോഗ്യനാക്കപ്പെട്ട് നിയമ പോരാട്ടത്തിലൂടെ തിരിച്ചെത്തിയിട്ടും രാഹുലിന്‍റെ വാക്കുകളില്‍ വിദ്വേഷമില്ലായിരുന്നുവെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു- “നിങ്ങൾ എം.പി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പുറത്താക്കി. കേസുകളിൽ വിജയിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷത്തോടെയല്ല സംസാരിച്ചത്. നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്, മറ്റാരുടെയുമല്ല”.

Leave a Reply

Your email address will not be published. Required fields are marked *