കേരളത്തിലേക്ക് പുതിയ സർവീസുകളുമായി എത്തിഹാദ് എയർവേയ്സ്; 2024 ജനുവരി മുതൽ സർവീസ് തുടങ്ങും

ഉയർന്ന വിമാന ടിക്കറ്റ് നിരക്കും, സർവീസുകളുടെ കുറവും കാരണം നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന പ്രസികൾക്കുള്ള സന്തോഷ വാർത്തയാണ് എത്തിഹാദ് എയർവേയ്സ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വീസുകള്‍ . 2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം എത്തിഹാദ് വര്‍ധിപ്പിക്കുന്നത്. കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇത്തിഹാദ് അറിയിച്ചു.

അതേസമയം വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ ഓഫര്‍ ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘മിഷന്‍ ഇംപോസിബിളി’ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ വിമാന കമ്പനി ഒരുക്കുന്നത്.

ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ദില്ലിയിലേക്ക് 995ദിര്‍ഹമാണ് ഓഫര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹത്തിനും യാത്ര ചെയ്യാം.

ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്യേണ്ടത്. ഓഫര്‍ ജൂലൈ 31 വരെ മാത്രമാണ് നിലവിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *