രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വൻസ്വീകരണമൊരുക്കി പാർട്ടി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എം.പി സ്ഥാനം പുനഃസ്ഥാപിച്ച ശേഷം ആദ്യമായിട്ടാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ആവേശോജ്ജ്വല സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. അദ്ദേഹം പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് കൽപ്പറ്റയിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കാൽലക്ഷം പ്രവർത്തകരെത്തും. 

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിഖ്, എ.പി. അനിൽകുമാർ എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വയനാട് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ജമീല അലിപ്പറ്റ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ചടങ്ങിനോടനുബന്ധിച്ച് കൈത്താങ്ങ് പദ്ധതിയിൽ നിർമ്മിച്ച ഒമ്പത് വീടുകളുടെ താക്കോൽദാനവും രാഹുൽഗാന്ധി നിർവഹിക്കും. നാളെ 11ന് മാനന്തവാടി നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച്.ടി കണക്ഷന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും. വൈകിട്ട് ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *