സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരായ ബിജെപി വാദം; എതിർത്ത് അശോക് ഗെ‌ഹ്ലോട്ട്

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി ഉയർത്തിയ ആരോപണങ്ങളെ എതിർത്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിന്റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരായ ബിജെപി വാദത്തെ എതിർത്ത് അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിനു പിന്തുണയും പ്രഖ്യാപിച്ചു

”കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റ് ഇന്ത്യൻ എയർഫോഴ്സിലെ ധീരനായ പൈലറ്റായിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ എയർഫോഴ്സിന്റെ ത്യാഗങ്ങളെ അപമാനിക്കുകയാണ്. രാജ്യം മുഴുവൻ ഇതിനെ എതിർക്കണം”– അശോക് ഗെലോട്ട് കുറിച്ചു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിൽ അധികാരത്തർക്കവും ഭിന്നതയും നിലനിൽക്കവേയാണ് സച്ചിന് ഗെലോട്ട് പിന്തുണ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം കൂടിയാണു രാജസ്ഥാൻ.

മിസോറം തലസ്ഥാനമായ ഐസോളിൽ 1966 മാർച്ച് 5നു ബോംബുകൾ വർഷിച്ചത് അന്നു വ്യോമസേനയിൽ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ആണെന്നായിരുന്നു ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ വാദം. രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും പിന്നീടു കോൺഗ്രസ് മന്ത്രിമാരായി എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിക്കാനായിരുന്നു മാളവ്യയുടെ ശ്രമം. ഇതിനു മറുപടിയുമായി സച്ചിൻ പൈലറ്റ് തന്നെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *