മെഡിസെപ്പ്; പെൻഷനേഴ്സ് യൂണിയന്റെ പട്ടിക ആധികാരിക രേഖയല്ല – മനുഷ്യാവകാശ കമ്മീഷൻ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ച മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക ആധികാരിക രേഖയായി സ്വീകരിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.മെഡിസെപ്പ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ആശുപത്രികളുടെ പട്ടിക മാത്രമാണ് ആധികാരിക രേഖയെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

പെൻഷനേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം മെഡിസെപ്പ് എംപാനൽഡ് ആശുപത്രിയെന്ന നിലയിൽ ലൂർദ്ദ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയ തനിക്ക് ആശുപത്രി ബിൽ പാസാക്കി നൽകിയില്ലെന്നാരോപിച്ച് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച എടവനക്കാട് സ്വദേശി വി. പി. കാർത്തികേയൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എന്നാൽ ലൂർദ്ദ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മെഡിസെപ്പ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടില്ലെന്ന് ധനവകുപ്പ് (ഹെൽത്ത് ഇൻഷ്വറൻസ്) അഡീഷനൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

അതേസമയം രോഗത്തെ തുടർന്ന് ശരീരത്തിന്റെ ഇടതുവശം പൂർണമായി തളർന്നതായി പരാതിക്കാരൻ അറിയിച്ച സാഹചര്യത്തിൽ 2023 ഫെബ്രുവരി 17-ലെ 18/2023/ധനം സർക്കുലർ പ്രകാരം പരാതിക്കാരന് സഹായത്തിന് അപേക്ഷ നൽകാവുന്നതാണ്. വാഹനാപകടം,പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മെഡിസെപ്പ് എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ തേടാം.

ഇത്തരം അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി നൽകുന്ന റീ ഇംപേഴ്സ്മെന്റിന് അപേക്ഷിക്കാം. ഇതിനുള്ള ക്ലെയിംഫോം മെഡിസെപ്പ് വെബ് പോർട്ടലിലെ ഡൗൺലോഡ് ലിങ്കിൽ ലഭ്യമാണ്. ഫോം പൂരിപ്പിച്ച് medisep@orientalinsurance.co.in എന്ന ഇ-മെയിലിൽ അയയ്ക്കണം. പകർപ്പ് info.medisep@kerala.gov.in എന്ന വിലാസത്തിലും അയയ്ക്കണമെന്ന് സർക്കാർ അറിയിച്ചു.

പരാതിക്കാരന് ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ച് റീ ഇംപേഴ്സ്മെന്റിനായി അപേക്ഷ നൽകാൻ കമ്മീഷൻ നിർദ്ദേശിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ആവശ്യമായ നിർദ്ദേശം ബന്ധപ്പെട്ടവർക്ക് നൽകണമെന്ന് കമ്മീഷൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *